Syromalabar NES

Editorial: കുടിയേറ്റവും വളർച്ചയും

Editor

റവ. ഫാ. ജോൺസൺ തോട്ടത്തിൽ

Bad Neustadt an der Saale

ജർമ്മനിയിൽ Bayern സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളിൽ ഒന്നായ Würzburg- ൽ നിന്നും Erfurt ദിശയിൽ 75 കിലോമീറ്റർ സഞ്ചരിച്ചാൽ Bayern ന്റെയും Thüringen ന്റെയും അതിർത്തി പ്രദേശമായ Bad Neustadt എന്ന കൊച്ചുപട്ടണത്തിൽ എത്താം. പുസ്തകങ്ങളിലൂടെയും മറ്റും വായിച്ചറിഞ്ഞ യൂറോപ്പിന്റെ തനിമയും സംസ്കാരവും ഇന്നും അല്പമെങ്കിലും ബാക്കി നിൽക്കുന്നത് ഇതുപോലെയുള്ള അപൂർവ്വം ചില ഉൾനാടൻ പ്രദേശങ്ങളിൽ മാത്രമാണ് എന്നതുകൊണ്ടുതന്നെ പതിനയ്യായിരത്തിനടുത്ത് മാത്രം താമസക്കാരുള്ള ഈ കൊച്ചുപട്ടണം ശാന്തവും സുന്ദരവുമാണ്.

Syro Malabar Community - നാൾവഴികൾ

Bad Neustadt ഇന്ന് പുറത്തേയ്ക്ക് അറിയപ്പെടുന്നത് ഇവിടെ നിലകൊള്ളുന്ന Rhön-Klinikum എന്ന ഹോസ്പിറ്റലിന്റെ പേരിലാണ്. ആയിരത്തിയെഴുന്നൂറ് ബെഡുകളുള്ള ഈ വലിയ ഹോസ്പിറ്റൽ സമുച്ചയത്തിൽ ഇന്ന് നൂറ്റിമുപ്പതോളം മലയാളി നഴ്സുമാർ ജോലി ചെയ്തു വരുന്നു. അതുപോലെ ഏതാണ്ട് മുപ്പതിനടുത്ത് മലയാളി യുവതി യുവാക്കൾ നഴ്സിംഗ് പഠിതാക്കളായും ഇവിടെയുണ്ട്. ഈ ഹോസ്പിറ്റലിലേക്ക് വരുവാനായി എഴുപത്തഞ്ച് നേഴ്സുമാർ കേരളത്തിൽ ജർമ്മൻഭാഷ പഠിച്ചുകൊണ്ടിരിക്കുന്നു. Bad Neustadt- ൽ വളർന്നുവരുന്ന സീറോ മലബാർ ക്രൈസ്തവ സമൂഹത്തിൽ ഭൂരിഭാഗം പേരും ഈ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഇവിടെ എത്തി ച്ചേർന്നവരാണ്. ഒപ്പം Bad Kissingen-ലും Bad Bocklet - ലുമുള്ള ആയുർവേദ ക്ലിനിക്കുകളിൽ ജോലിക്കായി എത്തിച്ചേർന്ന ഒരുപറ്റം മലയാളി സുഹൃത്തുക്കളും നമ്മുടെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്. ജർമ്മനിയിലെ മറ്റു ഭാഗങ്ങളിലുള്ള സീറോ മലബാർ സമൂഹങ്ങളിൽ നിന്നും ഈ സമൂഹത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം, ഇവിടേക്ക് കടന്നുവരുന്ന മലയാളി സമൂഹത്തിൽ ഭൂരിഭാഗംപേരും ഇവിടെത്തന്നെ സ്ഥിരതാമസക്കാരായി മാറുന്നു എന്നതാണ്. ഇന്ന് ഒരു വയസ്സുമുതൽ 50 വയസ്സുവരെ പ്രായമുള്ള 290 അംഗങ്ങൾ അടങ്ങിയ ഒരു മലയാളി ക്രൈസ്തവ സമൂഹമാണ് Bad Neustadt St. Mother Theresa Syro Malabar Community.

മലയാളം വിശുദ്ധ കുർബ്ബാന

Bad Neustadt കേന്ദ്രീകരിച്ച് ഇന്ന് നിലവിലുള്ള മലയാളി സമൂഹത്തിന്റെ കുടിയേറ്റം ആരംഭിക്കുന്നത് 2015 ലാണ്. തലശ്ശേരി അതിരൂപതയിലെ മാനടുക്കം ഇടവകാംഗം മഞ്ജു ജോസഫ് മറ്റത്തിൽ bad Neustadt നോട് ചേർന്നുകിടക്കുന്ന Münnerstadt (Juliusspital, Münnerstadt) ലേക്ക് ആദ്യമായി ജോലിക്ക് എത്തിയത് 2015 ഡിസംബർ 11ന് ആയിരുന്നു. ജർമ്മനിയിലേക്ക് ഉള്ള മലയാളി നേഴ്സുമാരുടെ സമീപകാല കുടിയേറ്റത്തിന്റെ ആദ്യ കണ്ണികളിൽ ഒരാളുകൂടിയാണ് മഞ്ജു. പിന്നീട് 2016,2017 വർഷങ്ങളിലായി കേരളത്തിലെ വിവിധ മലയോര മേഖലകളിൽ നിന്ന് ആറ് നേഴ്സുമാർ കൂടി സമീപ പ്രദേശങ്ങളിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് (Krankenhaus St. Josef, Schweinfurt & Kreisseniorenzentrum Gemünden ) ജോലി തേടി എത്തുകയുണ്ടായി. ആദ്യ കാലഘട്ടങ്ങളിൽ എത്തിയ ഈ ഏഴ് നഴ്സുമാരെ ഒരുമിച്ചുകൂട്ടി 2017 ഡിസംബർ മൂന്നിന് Gemünden-ൽ ഉള്ള Old Age Home ന്റെ ചാപ്പലിൽ വച്ച് ആദ്യമായി സീറോ മലബാർ മലയാളം കുർബാന അർപ്പിക്കുകയുണ്ടായി. കോവിഡ് മഹാമാരിയുടെ ആരംഭംവരെയുള്ള നാളുകളിൽ മിക്കവാറും മാസത്തിലൊരിക്കൽ എന്ന രീതിയിൽ, നഴ്സുമാർ ജോലി ചെയ്തിരുന്ന മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾക്ക് പുറമെ Otto und Anna Herold Altersheim Stiftung Karlstadt , Kreisseniorenzentrum Marktheidenfeld എന്നിവിടങ്ങളിലും, ചാപ്പലുകളിൽ മലയാളം കുർബാന അർപ്പിച്ചു വന്നു.

Bad Neustadt കേന്ദ്രീകരിച്ചുള്ള വളർച്ച

2020 നവംബർ മാസത്തിലാണ് ഞാൻ Bad Neustadt- ലേക്ക് സ്ഥലം മാറി വരുന്നത്. അന്ന് Rhön-Klinikum Campus-ൽ മലയാളി നേഴ്സുമാരായി ഉണ്ടായിരുന്നത് നീതു ജോസഫ്, അഞ്ചു സെബാസ്റ്റ്യൻ, അഞ്ചു മരിയ, ബെറ്റി ജോസഫ്, ചിഞ്ചു സെബാസ്റ്റ്യൻ, ബിഞ്ചു കെ. വി എന്നീ 6 പേർ മാത്രമായിരുന്നു. തുടർന്നങ്ങോട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്ന് ഒട്ടനവധി മലയാളി നേഴ്‌സുമാർ ഇവിടേയ്ക്ക് കുടിയേറി. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. നിലവിൽ 2024 ഫെബ്രുവരി മാസം വരെയുള്ള കണക്കിൽ 130 മലയാളി നഴ്‌സുമാർ Rhön-Klinikum Campus-ൽ ജോലി ചെയ്യുന്നു.

Bad Neustadt - ലേക്ക് കടന്നുവന്ന മലയാളി നഴ്‌സുമാർ ആദ്യനാളുകൾ മുതൽ നേരിടേണ്ടിവന്ന, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് അനുയോജ്യമായ താമസസൗകര്യങ്ങളുടെ ലഭ്യതക്കുറവ്. ആദ്യനാളുകളിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ Bad Neustadt -ലെ ഫൊറോനാ വികാരി Dr. Andreas Krefft ന്റെ ഭാഗത്തുനിന്നും ലഭിച്ച പിന്തുണ തലമുറകൾ കഴിഞ്ഞാലും മറക്കാൻ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ, Herschfeld പള്ളിയോട് ചേർന്ന് വൈദീകതാമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന, 10 ൽ അധികം മുറികളുള്ള വലിയ പള്ളിമുറി നമ്മുടെ നഴ്‌സ്മാർക്കുള്ള ഹോസ്റ്റൽ ആയി മാറ്റപ്പെട്ടു. കൊറോണ പ്രതിസന്ധിയുടെ നടുവിലും 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പള്ളിക്കമ്മറ്റി അംഗങ്ങളുടെ കൂട്ടായ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 10 നഴ്‌സുമാർക്ക് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ക്രമീകരിച്ച് 2020 മെയ് 15 ന് അഞ്ചു മരിയ, അഞ്ചു സെബാസ്റ്റ്യൻ, ബെറ്റി ജോസഫ്, ബിഞ്ചു കെ. വി എന്നിവരെ ആദ്യ അംഗങ്ങളായി ഹൃദ്യമായി സ്വീകരിച്ചു. തുടർന്നുള്ള നാളുകളിലും Andreas അച്ചന്റെ ഇടപെടലിലൂടെ Mühlbach പള്ളിയോട് ചേർന്നുള്ള 2 അപ്പാർട്ട്മെന്റുകളും പിന്നീട് Oberstreu-ലുള്ള പള്ളിമുറിയും, അതോടൊപ്പം Würzburg രൂപതയുടെ വികാരിജനറാൾ ആയിരുന്ന Fr. Thomas Kesster ന്റെ ഇടപെടലിലൂടെ Brendlorenzen-ൽ ഉള്ള പള്ളിയുടെ കെട്ടിടവും നമ്മുടെ നഴ്‌സുമാരുടെ ഭവനങ്ങളായി മാറി. നഴ്‌സുമാരുടെ എണ്ണം കൂടുന്നതനുസരിച്ച് ഭവനങ്ങളുടെ ലഭ്യതക്കുറവ് ഇന്നും ഒരു പ്രശ്നമായി നിലനിൽക്കുന്നു.

2021 ജനുവരി മാസം മുതൽ Bad Neustadt/Mühlbach ഹോളി ഫാമിലി പള്ളിയിൽ മാസത്തിലൊരിക്കൽ മലയാളം വിശുദ്ധ കുർബാന അർപ്പിച്ചു വരുന്നു. അതിനുപുറമേ നമ്മുടെ എല്ലാ പ്രധാന തിരുനാൾ ദിവസങ്ങളിലും സീറോ മലബാർ ആരാധനക്രമം അനുസരിച്ചുള്ള തിരുക്കർമ്മങ്ങൾ നടത്തിവരുന്നുണ്ട്. 2023 ഏപ്രിൽ മാസത്തിൽ FCC സന്യാസ സമൂഹത്തിൽപ്പെട്ട സി.റിയ, സി.റോസ്മിത എന്നിവരും ഈ സമൂഹത്തിൻറെ ഭാഗമായതോടെ അവർക്ക് ജർമ്മൻ കുർബാനയിൽ സംബന്ധിക്കുവാൻ സാധിക്കാതെവരുന്ന ഇടദിവസങ്ങളിലും സിസ്റ്റേഴ്സിന്റെ ചാപ്പലിൽ മലയാളം കുർബാന അർപ്പിച്ചു വരുന്നു. ഓരോ ആഴ്ചയിലും എന്നൊക്കെയാണ് മലയാളം കുർബാന എന്നത് Whatsapp കൂട്ടായ്മ വഴി എല്ലാവരെയും അറിയിക്കുന്നു. സാധിക്കുന്നവരൊക്കെ ഇടദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ എത്തുന്നത് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയ്ക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്.

Nightingale Ministry

St. Mother Theresa Syro Malabar Community യുടെ ചാരിറ്റിയുടെ മുഖമാണ് Nightingale Ministry. ഇവിടെ ഈ ഒരു മലയാളി കമ്മ്യൂണിറ്റി വളർന്നു തുടങ്ങിയതിന്റെ ആദ്യ നാളുകളിൽ ഇവിടേക്ക് വന്ന നേഴ്സുമാരുടെ മനസ്സിൽ ഉദിച്ച ആശയമാണ് നമ്മുടെ നാട്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെ ഉന്നത വിദ്യാഭ്യാസത്തിന്‌, പ്രത്യേകിച്ച് നഴ്സിംഗ് മേഖലയിലെ പഠനത്തിനായി സഹായിക്കുക എന്നത്. ഒരു കുടുംബത്തെ നാം പണം കൊടുത്ത് സഹായിക്കുന്നത് ഒരുപക്ഷേ അവരുടെ താൽക്കാലിക ആവശ്യങ്ങൾ നിറവേറ്റാം എന്നല്ലാതെ ശാശ്വതമായി ആ കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ അവരിലെ ചെറുപ്പക്കാർക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കി സ്ഥിരവരുമാനമുള്ള ഒരു ജോലിക്ക് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത് എന്ന ബോധ്യത്തിൽ നിന്നാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. അന്ന്‌ വിരലിലെണ്ണാവുന്ന നേഴ്‌സുമാർ തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് മാറ്റിവച്ച് ഇങ്ങനൊരു ആശയത്തിന് രൂപം നൽകുമ്പോൾ പ്രതീക്ഷിക്കാത്തതിലും വേഗത്തിലായിരുന്നു പിന്നീട് ഈ പ്രസ്ഥാനത്തിന്റെ വളർച്ച. 2021 നവംബർ മാസത്തിലാണ് ഈ ചാരിറ്റി പ്രവർത്തനങ്ങൾക്ക് Nightingale Ministry എന്ന പേര് നൽകിയത്. അന്നു മുതൽ സംഭാവനകൾ Mühlbach പള്ളിയുടെ അക്കൗണ്ടിൽ ശേഖരിച്ച് നാട്ടിലുള്ള അർഹതപ്പെട്ട വിദ്യാർത്ഥികളിലേക്ക് സഹായം എത്തിക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചു.

തികച്ചും ഈ പ്രദേശത്തേക്ക് കുടിയേറിയ നഴ്സുമാരുടെ സംഭാവനകളിലൂടെ മാത്രം പ്രവർത്തിക്കുന്ന Nightingale Ministry യിലൂടെ 2023-ൽ 5654500 രൂപ സഹായമായി വിതരണം ചെയ്യാൻ സാധിച്ചു എന്നത് അവരുടെ ഹൃദയവിശാലതയും പാവങ്ങളുടെ പക്ഷം ചേരാനുള്ള വലിയമനസ്സും വെളിവാക്കുന്നതാണ്. നിലവിൽ 70 വിദ്യാർത്ഥികൾക്ക് വർഷം 50000 രൂപ എന്നനിലയിൽ ഈ പദ്ധതിവഴി സഹായം നൽകിവരുന്നു. 2023-ൽ വിതരണം ചെയ്ത തുകയിൽ 2867500 രൂപ, ഞങ്ങളുടെ ഈ കൂട്ടായ്മയിൽ നിന്നും 2023 ഏപ്രിൽ മാസത്തിൽ മരണംമൂലം വേർപിരിഞ്ഞ അങ്ങാടിക്കടവ് സ്വദേശിനിയുടെ കുടുംബത്തിന് സഹായമെത്തിച്ചതും, ബാക്കി പഠന സഹായവുമാണ്.

കുടുംബ കൂട്ടായ്മകൾ

2022 ലാണ് Bad Neustadt Community-യിൽ കുടുംബ കൂട്ടായ്മകൾ ആരംഭിക്കുന്നത്. ആദ്യ കൂട്ടായ്മ 2022 ജൂൺ-26ന് ടോമി ഒഴുക്കനാട്ടിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. മാർത്തോമാശ്ലീഹായുടെ ഓർമ്മയാചരണം അടുത്തുവരുന്ന ദിവസമായതിനാൽ ഈ കൂട്ടായ്മ സെൻറ് തോമസ് വാർഡ് എന്നുള്ള നാമം സ്വീകരിച്ചു. തുടർന്നങ്ങോട്ട് Herschfeld, Bad Neustadt, Mühlbach എന്നിവിടങ്ങളിലായി 3 കൂട്ടായ്മകൾ കൂടി സ്ഥാപിതമായി. അംഗസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് 2024 ഫെബ്രുവരി മാസത്തിൽ ഫാമിലി യൂണിറ്റുകളുടെ എണ്ണം ഹോസ്പിറ്റൽ ഹോസ്റ്റലിൽ താമസിക്കുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതുൾപ്പെടെ 8 ആയി ഉയർത്തി. നിലവിൽ മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടുമാസത്തിലൊരിക്കൽ ഓരോ യൂണിറ്റിലെയും കുടുംബ കൂട്ടായ്മകൾ നടന്നുവരുന്നു. അഗസ്റ്റിൻ ജോസഫ്, ലാലിച്ചൻ തോമസ്, ജോമൽ ജോർജ്ജ്, ഗ്ലെയ്‌സ് മോൾ, ജിബിൻ പാമ്പയ്‌ക്കൽ, നിഷാന്ത് ജോസഫ്, സിനോൾ ജോജോ, റെയ്നി ലോനപ്പൻ എന്നിവർ കുടുംബകൂട്ടായ്മകൾക്ക് നേതൃത്വം നല്കിവരുന്നു.

FCC Sisters ൻ്റെ ആഗമനം

പൂർണമായും ചെറുപ്പക്കാരും കുട്ടികളും അടങ്ങിയ ഒരു ക്രൈസ്തവ സമൂഹത്തിൽ അജപാലനമേഖലയിലും വിശ്വാസ പരിശീലനമേഖലയിലും മലയാളി സിസ്റ്റേഴ്സിന്റെ സാന്നിധ്യം വളരെ ഏറെ ഗുണം ചെയ്യും എന്നുള്ള തിരിച്ചറിവാണ് സിസ്റ്റേഴ്സിനെ ഇങ്ങോട്ട് ക്ഷണിക്കുന്നതിന് പ്രേരണയായത്. ജർമനിയിൽ ജോലി ചെയ്യുന്ന റിലീജിയസ് സിസ്റ്റേഴ്സിന്റെ വർക്ക് കോൺട്രാക്ട് (Gestellungsvertrag) അനുസരിച്ച് ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആയിട്ടുള്ള Rhön Klinikum Campus ൽ ജോലിക്ക് കയറുന്നത് നിയമ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഹോസ്പിറ്റൽ അധികൃതരും സിസ്റ്റേഴ്സിന്റെ Ferein ഉം തമ്മിൽ മാസങ്ങൾ നീണ്ടുനിന്ന നിരന്തര ആശയവിനിമയങ്ങളിലൂടെ അവയെല്ലാം പരിഹരിക്കപ്പെട്ട് 2023 മെയ് മാസം ആരംഭത്തിൽ FCC തലശ്ശേരി പ്രൊവിൻസ് അംഗങ്ങളായ സി.റിയയും സി.റോസ്മിതയും Campus ൽ ജോലിയിൽ പ്രവേശിച്ചു. മലയാളി സിസ്റ്റേഴ്സിനെ ഇവിടെ കൊണ്ടുവരുന്നതിനും അവർക്ക് Mühlbach പള്ളിയുടെ Pfarrheim ൽ താമസസൗകര്യം ക്രമീകരിക്കുന്നതിനും Bad Neustadt ഫൊറോനാ വികാരി Dr. Andreas Kreft നൽകിയ പ്രോത്സാഹനവും സഹായവും അവിസ്മരണീയമാണ് . രണ്ട് സിസ്റ്റേഴ്സ് കൂടെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകുവാൻ തയ്യാറെടുപ്പുകൾ നടത്തിവരുന്നു. ഇവിടുത്തെ അജപാലന സാഹചര്യം മനസ്സിലാക്കി സിസ്റ്റേഴ്സിന്റെ സാന്നിധ്യം യാഥാർത്ഥ്യമാക്കിയ എഫ്.സി.സി തലശ്ശേരി പ്രൊവിൻഷ്യാൽ സി.അഞ്ജലിയെയും നന്ദിയോടെ അനുസ്മരിക്കുന്നു.

SMYM Bad Neustadt

2021 ഒക്ടോബർ 10ന് ആണ് SMYM Bad Neustadt സ്ഥാപിതമായത്. തൻവർഷം ഒക്ടോബർ 8,9,10 തീയതികളിലായി ഫാ.ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തിൽ ഇവിടെവച്ച് നടത്തപ്പെട്ട ധ്യാനത്തിന്റെ സമാപന ദിവസമാണ് SMYM യൂണിറ്റ് എക്സിക്യൂട്ടീവ് ടീമിനെ ആദ്യമായി തിരഞ്ഞെടുത്തത്. തുടർന്നിങ്ങോട്ട് SMYM Bad Neustadt ശനിയാഴ്ചകളിൽ SMYM ജർമനിയുടെ ഓൺലൈൻ ജപമാലകൾ നയിച്ചു വരുന്നു. 2022 ഓഗസ്റ്റ് 26 മുതൽ 28 വരെ ബഹു: ബിനോജ് അച്ചന്റെ നേതൃത്വത്തിൽ Awake Youth Retreat ഇവിടെവച്ച് നടത്തപ്പെട്ടു. ഈ കമ്മ്യൂണിറ്റിയിലെ യുവജനങ്ങൾക്കൊപ്പം Hof, Regensburg, Stuttgart എന്നിവിടങ്ങളിലെ യുവജനങ്ങളും Awake ൽ സംബന്ധിച്ചു. SMYM നാഷണൽ ടീമിൻറെ സാന്നിധ്യവും ഈ ദിവസങ്ങളെ സമ്പന്നമാക്കി. പുറമേ നിന്നു പ്രോഗ്രാമിൽ പങ്കെടുക്കുവാൻ വന്നവർക്ക് ഇവിടുത്തെ യുവജനങ്ങൾ തങ്ങളുടെ ഭവനങ്ങളിൽ താമസസൗകര്യം ഒരുക്കി. നാടും വീടും വിട്ട് ഇവിടെയായിരിക്കുന്ന നമ്മുടെ യുവജനങ്ങൾക്ക് ഒന്ന് ഒരുമിച്ചു കൂടുവാനും സൗഹൃദം പങ്കുവയ്ക്കുവാനും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാനും വിശ്വാസത്തിൽ ആഴപ്പെടാനും നല്ല മലയാളി ഭക്ഷണം കഴിക്കുവാനുമൊക്കെ ലഭിച്ച അവസരമായി Awake 2022 മാറി. ഈ പ്രോഗ്രാമിന്റെ വിജയത്തോടൊപ്പം മുന്നോട്ടുള്ള നാളുകളിൽ SMYM നാഷണൽ ടീമിൻറെ പല പ്രോഗ്രാമുകൾക്കും Bad Neustadt വേദിയാവുകയായിരുന്നു.

2023 ജൂലൈ 14 - 16 തീയതികളിൽ ജർമ്മനി യുടെ വിവിധ ഭാഗങ്ങളിലുള്ള SMYM ലീഡേഴ്സിന് വേണ്ടിയുള്ള training camp (cenacle) ബിനോജ് അച്ചൻറെ നേതൃത്വത്തിൽ Bad Neustadt- ൽ വച്ച് നടത്തപ്പെട്ടു. രുചികരമായ ഭക്ഷണം പാകം ചെയ്തും തങ്ങളുടെ ഭവനങ്ങളിൽ താമസസൗകര്യം ഒരുക്കിയും യാത്രാസൗകര്യങ്ങൾ ക്രമീകരിച്ചും Bad Neustadt മലയാളി കമ്മ്യൂണിറ്റി പ്രസ്തുത പരിപാടിക്ക് ഹൃദ്യമായ ആതിഥ്യമരുളി. 2023 സെപ്റ്റംബർ മാസത്തോടെ വീണ്ടും യുവതി യുവാക്കൾ ഇവിടെ എത്തിച്ചേർന്നതിനാൽ പിന്നീടിങ്ങോട്ടുള്ള മാസങ്ങളിൽ ആൻകരോളിന്റെയും അലീന ജോസഫിന്റെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തിൽ മാസത്തിൽ ഓരോ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ച്‌ ഭംഗിയായി മുന്നോട്ടു പോകുന്നു. 2024 ജനുവരി 12 മുതൽ 14 വരെ ഇവിടെ വച്ച് സംഘടിപ്പിക്കപ്പെട്ട വിവാഹ ഒരുക്ക സെമിനാറിൽ ജർമ്മനിയുടെ പല പ്രദേശങ്ങളിൽ നിന്നുള്ള 26 യുവതീയുവാക്കൾ പങ്കെടുക്കുകയുണ്ടായി. ഈ വരുന്ന ജൂൺ 21,22,23 തീയതികളിൽ വീണ്ടും SMYM cenacle - 2024 നടത്തുവാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.

സാംസ്കാരിക ഏകീകരണം

തികച്ചും വ്യത്യസ്തമായ ഒരു ജീവിതസാഹചര്യത്തിലേക്ക് പറിച്ചുനടപ്പെട്ട നമ്മുടെ യുവതലമുറ ഇവിടുത്തെ അന്തരീക്ഷത്തിൽ വളർന്നുവരുമ്പോൾ അവരുടെ മുന്നോട്ടുള്ള ജീവിതം സുഗമമാക്കുന്നതിന് ഈ നാടിന്റെ സംസ്‌കാരത്തെക്കൂടി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട്. മലയാളം വി.കുർബാന ഇല്ലാത്ത, മാസത്തിലെ മറ്റ് 3 ഞായറാഴ്ചകളിലും Bad Neustadt ലുള്ള 5 ദേവാലയങ്ങളിലായി നമ്മുടെ ഭൂരിഭാഗം ചെറുപ്പക്കാരും ജർമ്മൻ വി.കുർബാനയിൽ പങ്കുചേർന്നുവരുന്നു. മുടങ്ങാതെയുള്ള നമ്മുടെ യുവജനങ്ങളുടെ ദേവാലയങ്ങളിലെ സാന്നിധ്യം തദ്ദേശീയർ പലപ്പോഴും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം വളരെ കുറഞ്ഞ് ശുഷ്കമായി മാറിയിരുന്ന Bad Neustadt Town പള്ളിയിലെ വി.കുർബാനയുടെ തിരുനാൾ (Fronleichnam) ആഘോഷം 2023 ജൂൺ മാസത്തിൽ നമ്മുടെ മലയാളി കമ്മ്യൂണിറ്റിയുടെ സജീവസഹകരണത്തോടെ അതിഗംഭീരമായി ആഘോഷി ക്കുകയുണ്ടായി. നമ്മുടെ 150 ഓളം യുവതീയുവാക്കൾ കേരളീയ പാരമ്പര്യ വസ്ത്രകൾ ധരിച്ച് മുത്തുക്കുടകളുടെ അകമ്പടിയോടെ നടത്തിയ ആ പ്രദക്ഷിണം ജർമ്മനിയുടെ പഴയ ക്രൈസ്തവതനിമ വിളിച്ചോതുംവിധത്തിൽ പ്രൗഢഗംഭീരമായിരുന്നുവെന്നത് ഇവിടുത്തെ പത്രമാധ്യമങ്ങൾ ആ പരിപാടിക്ക് നൽകിയ വാർത്താപ്രാധാന്യം വെളിവാക്കുന്നതായിരുന്നു. 2023 സെപ്റ്റംബർ 16ന് ഈ പ്രദേശത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ Kreuzbergൽ വച്ച് നടത്തപ്പെട്ട കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളും വാർത്താമാധ്യമങ്ങളിൽ ശ്രദ്ധേയമായത് നമ്മുടെ യുവതീയുവാക്കളുടെ സജീവ പങ്കാളിത്തത്തിലൂടെയായിരുന്നു. 2023 ൽ Bad Neustadt Town പള്ളിയിലെ തിരുനാൾ ആഘോഷത്തിലും (Pfarrfest) മറ്റ് ആഘോഷ പരിപാടികളിലുമെല്ലാം ടോമിയുടെ നേതൃത്വത്തിൽ നമ്മുടെ ചെറുപ്പക്കാർ തയ്യാറാക്കിയ കേരളീയ ഭക്ഷണവിഭവങ്ങളെല്ലാം തന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

Bad Neustadt- ലെ മലയാളികളുടെ സാന്നിധ്യം ഇവിടുത്തെ തദ്ദേശീയ ജനത എത്രയധികം ഇഷ്ടപ്പെടുന്നു എന്നുള്ളതിന്റെ ഒരു തെളിവായിരുന്നു 2023 ജൂലൈ 31ന് Mühlbach പള്ളിമുറ്റത്ത് വെച്ച് നടത്തപ്പെട്ട Indian Cultural Fest. അന്നേദിവസം രാവിലെ 10 മണിക്ക് പള്ളിമുറ്റത്തുള്ള തുറന്ന വേദിയിൽ വച്ച് ആഘോഷമായ Syromalabar കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കുർബാനയെ തുടർന്ന് നടത്തപ്പെട്ട നയനാനന്ദകരമായ നൃത്തനൃത്യങ്ങളിലൂടെയും രുചികരമായ കേരളീയ ഭക്ഷണ വൈവിധ്യങ്ങൾകൊണ്ടും സമ്പന്നമായിരുന്നു. പരമാവധി 500 പേരെ മാത്രം പ്രതീക്ഷിച്ച് വിഭാവനം ചെയ്ത പ്രസ്തുത ആഘോഷം ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചപ്പോൾ രാത്രി എട്ട് മണി വരെ നടത്താനിരുന്ന പരിപാടി ഉച്ചകഴിഞ്ഞു 3 മണി ആയപ്പോഴേക്കും അവസാനിപ്പിക്കേണ്ടിവന്നു. ഭക്ഷണം കഴിച്ചത് മാത്രം ആയിരത്തിയൊരുന്നൂറോളം പേരായിരുന്നു. തദ്ദേശീയരായ ജർമ്മൻകാരുടെ ഇത്ര വലിയ ഒരു സാന്നിധ്യം അവർക്കുപോലും അമ്പരപ്പുളവാക്കുന്നതായിരുന്നു. കൂടുതൽ ഒരുക്കത്തോടെ 2024 ലെ Indian Cultural Fest ജൂലൈ 27,28 തീയതികളിലായി നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

Mühlbach പള്ളിയിലെ ജർമ്മൻ കുർബാനകളിൽ അൾത്താര ശുശ്രൂഷകരായി നമ്മുടെ 6 കുട്ടികളും യുവതീയുവാക്കളും സേവനമനുഷ്ഠിച്ചു വരുന്നതും സാംസ്കാരിക ഏകീകരണത്തിന് ചെറുതല്ലാത്ത പങ്കുവഹിക്കുന്ന ഒന്നാണ്.

Sunday School

കഴിഞ്ഞ വർഷങ്ങളിലൊക്കെയായി ചെറുപ്പക്കാരായ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് നിരന്തരം ഉയർന്നു വന്ന ഒരാവശ്യമാണ് മതബോധന ക്ലാസുകൾ ആരംഭിക്കുക എന്നുള്ളത്. 2024 ജനുവരി മാസം ഏഴാം തീയതി ബഹു.ഇഗ്നേഷ്യസ് ചാലിശ്ശേരി അച്ചൻ (Syromalabar Coordinator, Germany) Bad Neustadt Mother Theresa Sunday School-ന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഇപ്പോൾ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മുടങ്ങാതെ 9,6,4,2,1, നഴ്സറി ക്ലാസുകളിലായി 42 കുട്ടികൾ വിശ്വാസ പരിശീലനം നടത്തി വരുന്നു. മാസത്തിൽ ഒരു ഞായറാഴ്ച Mühlbach പള്ളിയിലെ മലയാളം വി.കുർബാനയ്ക്കു മുൻപ് 2 മണിക്കൂർ സമയവും മറ്റു ഞായറാഴ്ചകളിൽ Bad Neustadt Town പള്ളിയിൽ വൈകുന്നേരം ആറുമണിക്കുള്ള ജർമ്മൻ കുർബാനയ്ക്ക് മുമ്പ് രണ്ടുമണിക്കൂർ സമയവുമാണ് മലയാളത്തിലുള്ള മതബോധനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. മതബോധന പഠനത്തിനു ശേഷം കുട്ടികളും മാതാപിതാക്കളും ഒരുമിച്ച് വി.കുർബാനയിൽ സംബന്ധിച്ചു വരുന്നു. ജോലി സംബന്ധമായും മറ്റുമുള്ള തടസ്സങ്ങളാൽ എല്ലാ ഞായറാഴ്ചകളിലും എല്ലാ മതാധ്യാപകർക്കും വരുവാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓരോ ക്ലാസുകളിലും 2 അധ്യാപകർ വീതം 12 അധ്യാപകരാണ് വിശ്വാസ പരിശീലന ക്ലാസുകൾ എടുത്തുവരുന്നത്. ബിനൽ മാണി പ്രധാനാദ്ധ്യാപകനായും സി. റിയ FCC, സി. റോസ്മിത FCC, അഗസ്റ്റിൻ ജോസഫ്, ജോവി ജോസഫ്, അനിൽഡ തോമസ്, ജിബിൻ പാമ്പയ്‌ക്കൽ, ആൻകരോളിൻ ജുബി, അനുമോൾ തോമസ്, ബിന്ദു സിബി, ജെയ്‌സൺ സെബാസ്ത്യൻ, ലിജി ജോലിഷ്, ലിജി തോമസ്, ജോസ്‌നമോൾ ജോസഫ് എന്നിവർ അദ്ധ്യാപകരായും സേവനമനുഷ്ഠിച്ചു വരുന്നു.

മറ്റു ഭക്താനുഷ്ഠാനങ്ങൾ

ക്രിസ്തുമസിനും ഈസ്റ്ററിനും മുൻപുള്ള ദിവസങ്ങളിൽ എല്ലാവർക്കും മാതൃഭാഷയിൽ കുമ്പസാരിക്കത്തക്ക രീതിയിൽ ദിവസം മുഴുവനും ഒന്നിലധികം മലയാളി വൈദികരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. 2024 ജനുവരി മുതൽ മാസത്തിൽ ഏതെങ്കിലും ഒരു ശനിയാഴ്ച മാതൃഭാഷയിൽ കുമ്പസാരിക്കാൻ അവസരം ഒരുക്കിവരുന്നു. 50 നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 4.30ന് മലയാളത്തിലുള്ള കുരിശിന്റെ വഴി Mühlbach പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. 2023-ൽ ദുഃഖവെള്ളിയാഴ്ച രാവിലെ Mühlbach പള്ളിയിലെ തിരുക്കർമ്മങ്ങൾക്കുശേഷം 4 കിലോമീറ്റർ അകലെയുള്ള Löhrieth പള്ളിയിലേക്ക് മലയാളി കമ്മ്യൂണിറ്റിയുടെ കുരിശിന്റെ വഴി നടത്തിയിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഈ വർഷത്തെ ദുഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ പള്ളിയിൽ വച്ചുതന്നെ നടത്തപ്പെട്ടു. ഒക്ടോബർ മാസത്തിൽ 10 ദിവസം ആഘോഷമായ ജപമാലയും Mühlbach പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

വിനോദം

ജന്മനാട്ടിൽ നിന്ന് അന്യനാട്ടിലേക്ക് കുടിയേറ്റം ചെയ്യപ്പെട്ട, ഏറിയപങ്കും യുവാക്കളായ ഒരുസമൂഹത്തിന് ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരുപാട് കടമ്പകൾ നേരിടേണ്ടിവരുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഒരു കൊച്ചുകുഞ്ഞ് പിച്ചവച്ചു വളർന്നുവരുന്നതുപോലെ എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ടുന്ന അവസ്ഥ. മാനസീകമായി ഒത്തിരിയേറെ സമ്മർദ്ദങ്ങൾ നേരിടേണ്ടിവരുന്ന ആ കാലഘട്ടങ്ങളിൽ നാട്ടിലേതുപോലെയുള്ള വിനോദകായിക മേഖലകൾ ഉപയോഗപ്പെടുത്തുക എന്നത് അത്യന്താപേക്ഷിതമാണെന്നിരിക്കിലും അത്തരം സാഹചര്യങ്ങൾ കണ്ടെത്തുന്നതിന് പ്രായോഗീകമായ പല ബുദ്ധിമുട്ടുകളും മറികടക്കേണ്ടതുണ്ട്.

ജർമ്മനിയിൽ ക്രിക്കറ്റ് പരിശീലനത്തിൻ്റെ സാധ്യതകൾ മനസ്സിലാക്കി നമ്മുടെ കൂട്ടായ്മയിലെ സൽജൻ കെ.വി മുൻകൈയെടുത്ത് Sportverein Herschfeld 1958 e.V. എന്ന ക്ലബ് ഭാരവാഹികളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് കളിക്ക് ആവശ്യമായ കായികോപാധികളും മറ്റും വാങ്ങുന്നതിനായി ഏതാണ്ട് മൂവായിരത്തോളം യൂറോ അനുവദിച്ചതോടൊപ്പം ജഴ്‌സിയും ഒപ്പം പ്രത്യേകം ടി-ഷർട്ടുകളും സ്‌പോൺസർഷിപ് വഴിയും ലഭിക്കുകയുണ്ടായി. ക്ലബ് അംഗങ്ങളായി രജിസ്റ്റർ ചെയ്ത നമ്മുടെ യുവാക്കൾക്ക് ഇപ്പോൾ വേനൽക്കാലത്ത് ക്രിക്കറ്റ് കളിക്കുന്നതിനും മഞ്ഞുകാലത്ത് indoor സ്റ്റേഡിയത്തിൽ വോളിബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കും ഉള്ള സൗകര്യം ലഭ്യമാണ്.

Bad Neustadt എന്ന ഈ കൊച്ചുപട്ടണത്തിലും മലയാളം സിനിമകൾ ആസ്വദിക്കുന്നതിനുള്ള അവസരവും സൽജന്റെയും ടോമിയുടെയും മറ്റും പ്രയത്നഫലമായി ഈ അടുത്ത നാളുകളിൽ നമുക്ക് ലഭ്യമായിട്ടുണ്ട്. Starlight-Kino - ൽ ഇതിനോടകം തന്നെ പത്തോളം മലയാള സിനിമകൾ പ്രദർശിപ്പിച്ചു. ഒരു ചെറിയ കമ്മ്യൂണിറ്റി എന്ന നിലയിൽ ഇത്തരമൊരു തുടക്കം തന്നെ നമുക്ക് അത്യന്തം ആനന്ദകരമാണ്. സൽജനും അദ്ദേഹത്തോടൊപ്പം ഇത്തരം വിനോദോപാധികൾ പരിപോഷിപ്പിക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുന്ന മറ്റ് മലയാളി സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.

ഉപസംഹാരം

St. Mother Theresa Syromalabar Community യുടെ തുടക്കം മുതൽ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായിരിക്കുവാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ആദിമ ക്രൈസ്തവ സമൂഹത്തിൻറെ മാതൃകയിൽ ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ചും പരസ്പരം സഹായിച്ചും സുഖദുഃഖങ്ങളിൽ പങ്കുചേർന്നും നാട്ടിലുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അനേക ചെറുപ്പക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിന് കൈത്താങ്ങായി മാറിയും നസറായന്റെ വഴിയേ അനുദിനം മുന്നേറുന്ന ചെറുപ്പക്കാരുടെയും കുട്ടികളുടേതുമായിട്ടുള്ള ഈ ക്രൈസ്തവ കൂട്ടായ്മ തീർച്ചയായും ഒരു മാതൃകാ സീറോ മലബാർ ക്രൈസ്തവ കൂട്ടായ്മയാണ്. ഇന്ന് കൂട്ടായ്മയെ നയിച്ചു കൊണ്ടിരിക്കുന്ന ടോമി ഒഴുക്കനാട്ട് , അജോ സണ്ണി, പ്രീതി ലോറൻസ് , ഷിയാര അഗസ്റ്റിൻ എന്നിവരെ നന്ദിയോടെ അനുസ്മരിക്കുന്നു. അതുപോലെ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി റ്റാനിയ ജേക്കബ്, ഫിനാൻസ് കൈകാര്യം ചെയ്യുന്ന അനീന ജോസ്, ബിനൽ മാണിയുടെ നേതൃത്വത്തിലുള്ള മതബോധനാദ്ധ്യാപകരുടെ ടീം, ആൻകരോളിന്റെ നേതൃത്വത്തിലുള്ള SMYM ഭാരവാഹികൾ, വിനു ജോസഫിന്റെ നേതൃത്വത്തിലുള്ള Choir അംഗങ്ങൾ എന്നിവരെയും കഴിഞ്ഞ നാളുകളിൽ ലീഡർമാരായി സേവനമനുഷ്ഠിച്ച മഞ്ജു ജോസഫ്, സൽജൻ കെ.വി, ബിൻസ് സ്റ്റീഫൻ, വിനു ജോസഫ്, അലീന പി. അൽഫോൻസ എന്നിവരെയും ഫിനാൻസ് കൈകാര്യം ചെയ്തിരുന്ന അഞ്ജു മരിയയെയും, കൾച്ചറൽ ഫെസ്റ്റ് ഉൾപ്പടെയുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി പ്രവർത്തിച്ച സിബി ജോസഫിനെയും നന്ദിപൂർവ്വം അനുസ്മരിക്കുന്നു.