
About Our Community
ജർമ്മനിയിൽ Bayern സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളിൽ ഒന്നായ Würzburg- ൽ നിന്നും Erfurt ദിശയിൽ 75 കിലോമീറ്റർ സഞ്ചരിച്ചാൽ Bayern ന്റെയും Thüringen ന്റെയും അതിർത്തി പ്രദേശമായ Bad Neustadt എന്ന കൊച്ചുപട്ടണത്തിൽ എത്താം. പുസ്തകങ്ങളിലൂടെയും മറ്റും വായിച്ചറിഞ്ഞ യൂറോപ്പിന്റെ തനിമയും സംസ്കാരവും ഇന്നും അല്പമെങ്കിലും ബാക്കി നിൽക്കുന്നത് ഇതുപോലെയുള്ള അപൂർവ്വം ചില ഉൾനാടൻ പ്രദേശങ്ങളിൽ മാത്രമാണ് എന്നതുകൊണ്ടുതന്നെ പതിനയ്യായിരത്തിനടുത്ത് മാത്രം താമസക്കാരുള്ള ഈ കൊച്ചുപട്ടണം ശാന്തവും സുന്ദരവുമാണ്.
Bad Neustadt ഇന്ന് പുറത്തേയ്ക്ക് അറിയപ്പെടുന്നത് ഇവിടെ നിലകൊള്ളുന്ന Rhön-Klinikum എന്ന ഹോസ്പിറ്റലിന്റെ പേരിലാണ്. ആയിരത്തിയെഴുന്നൂറ് ബെഡുകളുള്ള ഈ വലിയ ഹോസ്പിറ്റൽ സമുച്ചയത്തിൽ ഇന്ന് നൂറ്റിമുപ്പതോളം മലയാളി നഴ്സുമാർ ജോലി ചെയ്തു വരുന്നു. അതുപോലെ ഏതാണ്ട് മുപ്പതിനടുത്ത് മലയാളി യുവതി യുവാക്കൾ നഴ്സിംഗ് പഠിതാക്കളായും ഇവിടെയുണ്ട്. ഈ ഹോസ്പിറ്റലിലേക്ക് വരുവാനായി എഴുപത്തഞ്ച് നേഴ്സുമാർ കേരളത്തിൽ ജർമ്മൻഭാഷ പഠിച്ചുകൊണ്ടിരിക്കുന്നു.
Bad Neustadt- ൽ വളർന്നുവരുന്ന സീറോ മലബാർ ക്രൈസ്തവ സമൂഹത്തിൽ ഭൂരിഭാഗം പേരും ഈ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ഇവിടെ എത്തിച്ചേർന്നവരാണ്. ഒപ്പം Bad Kissingen-ലും Bad Bocklet- ലുമുള്ള ആയുർവേദ ക്ലിനിക്കുകളിൽ ജോലിക്കായി എത്തിച്ചേർന്ന ഒരുപറ്റം മലയാളി സുഹൃത്തുക്കളും നമ്മുടെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്.
ജർമ്മനിയിലെ മറ്റു ഭാഗങ്ങളിലുള്ള സീറോ മലബാർ സമൂഹങ്ങളിൽ നിന്നും ഈ സമൂഹത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം, ഇവിടേക്ക് കടന്നുവരുന്ന മലയാളി സമൂഹത്തിൽ ഭൂരിഭാഗംപേരും ഇവിടെത്തന്നെ സ്ഥിരതാമസക്കാരായി മാറുന്നു എന്നതാണ്. ഇന്ന് ഒരു വയസ്സുമുതൽ 50 വയസ്സുവരെ പ്രായമുള്ള 290 അംഗങ്ങൾ അടങ്ങിയ ഒരു മലയാളി ക്രൈസ്തവ സമൂഹമാണ് Bad Neustadt St. Mother Theresa Syro Malabar Community.
